Friday, August 26, 2011

സി.കെ ജാനു/ജോസഫ്.കെ. ജോബ്/പച്ചക്കുതിരയുടെ ആഗസ്റ്റ് ലക്കത്തില്‍

തീവ്രമായ ഇടതുപക്ഷബോധത്തോടെ ആരംഭിക്കുകയും ഗോത്രമഹാസഭ എന്ന സംഘനയക്കു നേതൃത്വം വഹിച്ചുകൊണ്ട് കേരളത്തിന്റെ പൊതുബോധത്തില്‍ പുത്തന്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ആദിവാസി നേതാവാണ് സി.കെ ജാനു. സമീപകാലത്തായി ജാനു ഏറെ നിശ്ശബ്ദയായിരുന്നു. അവര്‍ വലതുപക്ഷത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു എന്ന വിമര്‍ശനങ്ങളും ഉണ്ടായി. മുന്‍ ഇടതുപക്ഷ സര്‍ക്കാരിനെയും സി പി എമ്മിനെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഒരിടവേളയ്ക്കുശേഷം ജാനു അഭിമുഖ സംഭാഷണത്തിനു തയ്യാറായി. പച്ചക്കുതിരയുടെ ആഗസ്റ്റ് ലക്കത്തില്‍ ജോസഫ്.കെ. ജോബ് തയ്യാറാക്കിയ ദീര്‍ഘമായ അടിമുഖത്തില്‍ നിന്നും ഏതാനും ഭാഗങ്ങള്‍

2003-ല്‍ മുത്തങ്ങയിലെ പൊലീസ്‌വേട്ടയ്ക്കു കാരണക്കാരായ ഐക്യജനാധിപത്യമുന്നണി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി. അഞ്ചു വര്‍ഷം ഭരിച്ച എല്‍.ഡി.എഫ്. പ്രതിപക്ഷത്തുമായി. മാറിയ സാഹചര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

കഴിഞ്ഞ എല്‍ .ഡി.എഫ്. ഗവണ്മെന്റ് അധികാരത്തിലേക്കു വരുന്നതുതന്നെ മുത്തങ്ങസംഭവത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഏറ്റെടുത്തുകൊണ്ടാണ്. ഗ്രാമങ്ങളും കോളനികളുംതോറും മുത്തങ്ങസംഭവത്തിന്റെ വീഡിയോ കാസറ്റുകള്‍ പ്രദര്‍ശിപ്പിച്ചാണ് അന്നവര്‍ വോട്ടു കാന്‍വാസ് ചെയ്തത്. അധികാരത്തില്‍ വന്നാല്‍ ഭൂരഹിതരായ
മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി കൊടുക്കും, ആദിവാസികളുടെ പേരിലുള്ള മുഴുവന്‍ കേസ്സുകളും പിന്‍വലിക്കും, ഭൂമിവിതരണത്തോടൊപ്പം പുനരധിവാസപാക്കേജ് നടപ്പിലാക്കും എന്നൊക്കെ എല്‍.ഡി.എഫ്. വാഗ്ദാനം ചെയ്തിരുന്നു. ആദിവാസികളുടെ സമഗ്രവികസനം സാധ്യമാക്കും എന്നൊക്കെ പറഞ്ഞ് അധികാരത്തിലേറിയവര്‍ അഞ്ചുവര്‍ഷക്കാലം ആദിവാസികള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നുമാത്രമല്ല ആദിവാസികള്‍ക്കു ദ്രോഹകരമാകുന്ന നടപടികള്‍ പലതും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സി.പി.എമ്മിന്റെ പോഷകസംഘടനയായ ആദിവാസി ക്ഷേമസമിതിയെ(എ.കെ.എസ്.) ഉപയോഗിച്ചുകൊണ്ട് വളരെ നാടകീയമായി സമരപ്രഹസനങ്ങള്‍ നടത്താനും ഭൂമിക്കുവേണ്ടി സമരം നടത്തുന്നത് തങ്ങളാണെന്നു വരുത്തിത്തീര്‍ക്കാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രായോഗികമായി ആദിവാസി വികസനത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞിട്ടില്ല.

? കഴിഞ്ഞ എല്‍.ഡി.എഫ്. ഭരണകാലം ആദിവാസികള്‍ക്ക് ഒട്ടും ഗുണകരമായില്ല എന്നാണോ അഭിപ്രായപ്പെടുന്നത്?

$കഴിഞ്ഞ ഗവണ്‍മെന്റിന്റെ വഞ്ചനാപരമായ നിലപാടുകള്‍ ചുരുങ്ങിയ വാക്കുകളിലൊന്നും പറയാനാകില്ല. ആ സര്‍ക്കാര്‍ 2008 ഫെബ്രുവരി 14-ന് ഒരുഗവണ്‍മെന്റ് ഓര്‍ഡര്‍ ഇറക്കിയിരുന്നു. ആ ഓര്‍ഡറിലൂടെ, ഒരു തുണ്ടുപോലും ഭൂമിയില്ലാത്ത ആദിവാസികള്‍ക്കുമാത്രം ഭൂമി കൊടുത്താല്‍ മതിയെന്ന ഒരു നിയമമുണ്ടാക്കുകയാണ് അവര്‍ ചെയ്തത്. പോഷകസംഘടനയായ എ.കെ.എസ്സിനെ ഉപയോഗിച്ച് ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും കോലാഹലം സൃഷ്ടിച്ചശേഷം അവര്‍ പുറത്തിറക്കിയ ഗവണ്‍മെന്റ് ഓര്‍ഡര്‍ ആണത്. പുറത്തുനിന്നു നോക്കിയാല്‍ വളരെ നല്ല ഉത്തരവാണതെന്നു തോന്നും—-കാരണം ഒരു തുണ്ടുഭൂമിപോലും ഇല്ലാത്തവര്‍ക്കാണല്ലോ ഭൂമിക്ക് അര്‍ഹതയുള്ളത്. എന്നാല്‍ ഈ ഉത്തരവുകൊണ്ട് രണ്ടു മൂന്നു സെന്റു മാത്രം ഭൂമി കൈവശമുള്ളവരെല്ലാം പുറത്തായി. ജനോപകാരപ്രദമെന്നു തോന്നിപ്പിക്കുന്ന ഒരു ഉത്തരവിന്റെ മറവില്‍ ആദിവാസികളെ എങ്ങനെ ദ്രോഹിക്കാമെന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആലോചിച്ചത്. കേരളത്തിലെ മുഴുവന്‍ ആദിവാസികളെയും ഭൂമി ലഭിക്കുന്നതില്‍നിന്ന് അകറ്റിനിര്‍ത്താനാണ് ഈ ഉത്തരവ് സഹായിച്ചത്. ഈ പനവല്ലിയിലുള്ള ആദിവാസികളുടെ കാര്യമെടുക്കാം: അവരുടെ അപ്പനപ്പൂപ്പന്മാരുടെ കാലംമുതല്‍ കൈവശം വച്ചുവരുന്ന കുറച്ചു സെന്റു ഭൂമിയൊക്കെ അവരുടെ കൈവശം ഉണ്ടാവും. കോളനികളില്‍ വീട് പാസ്സാക്കണമെങ്കില്‍ രണ്ടു സെന്റോ മൂന്നു സെന്റോ ഭൂമിയുണ്ടെന്നു കാണിക്കണം—-അല്ലെങ്കില്‍ വീട് പാസ്സാക്കിക്കൊടുക്കുകയില്ല. അതുകൊണ്ട് ഞങ്ങടെ അച്ഛനമ്മമാരോ അമ്മാവന്മാരോ അവരുടെ കൈവശം വയ്ക്കുന്ന ഭൂമിയില്‍നിന്ന് രണ്ടു സെന്റോ മൂന്നു സെന്റോ ഭൂമി അവരുടെ പേരില്‍ എഴുതിക്കൊടുക്കും. ആ സ്ഥലത്താണ് വീടു പണിയുക. ആ സ്ഥലത്ത് വീടുവച്ചു കഴിഞ്ഞാല്‍പ്പിന്നെ ഒരു കാന്താരിച്ചെടി നട്ടുപിടിപ്പിക്കാനുള്ള സ്ഥലമുണ്ടാകില്ല. ഒരു മനുഷ്യനു ജീവിക്കാനുള്ള പ്രാഥമിക സൗകര്യങ്ങള്‍പോലും അവിടെയുണ്ടാകില്ല. ആദിവാസികള്‍ തിങ്ങിഞെരുങ്ങിക്കഴിയുന്ന ഇങ്ങനെയുള്ള കോളനിവീടുകളില്‍ കഴിയുന്നവര്‍ ഭൂരഹിതരല്ലെന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. ഇത്തരം കോളനികളില്‍ കഴിയുന്ന ഒരു ആദിവാസിക്കും ഈ ഉത്തരവുപ്രകാരം ഭൂമി ലഭിക്കുകയില്ല. ഫലത്തില്‍ ഈ ഉത്തരവിലൂടെ ആദിവാസികളെ ദ്രോഹിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.

? ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ഇവിടത്തെ ഭൂപ്രഭുക്കളുടെ കൈവശം വച്ചിരിക്കുന്നത് തിരിച്ചുപിടിക്കാനുള്ള ശ്രമമല്ലേ ഏ.കെ.എസ്സിലൂടെ നടത്തിയത്. അതെങ്ങനെ വിമര്‍ശിക്കപ്പെടും?

$ സി.കെ. ശശീന്ദ്രനടക്കമുള്ളവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി സമരം നടത്തിയിട്ട് മഴയും തണുപ്പും പിടിച്ച് അഞ്ചാറു മാസം ആദിവാസികള്‍ സമരക്കുടിലുകളില്‍ ഇരുന്നശേഷം അവരുടെ കോളനികളിലേക്കു തിരിച്ചുപോയി. എന്നിട്ട് ഒരുതുണ്ടു ഭൂമിയെങ്കിലും ആദിവാസികള്‍ക്കു പതിച്ചുനല്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ടോ? ആദിവാസികളെ വോട്ടിനുവേണ്ടി കൂടെനിര്‍ത്താന്‍ നാടകം നടത്തി. അത്രതന്നെ.

? ശ്രേയാംസ്‌കുമാറിന്റെ ഭൂമിയിലുള്ള സമരം വെറും രാഷ്ട്രീയ പ്രേരിതമായിരുന്നോ? എന്താണഭിപ്രായം?

$ ശ്രേയാംസ്‌കുമാറിന്റെ ഭൂമി എത്രത്തോളം സര്‍ക്കാരിലേക്കു പോകുന്നതാണ്, അതിലെത്ര ആദിവാസികള്‍ക്കു കിട്ടാന്‍ അര്‍ഹതയുണ്ട് എന്നൊന്നും എനിക്കു കൃത്യമായ കണക്കറിയില്ല. ഭൂമി പിടിച്ചെടുക്കാന്‍ കോടതിവിധി വന്നിട്ടുണ്ടെങ്കില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് എന്താണിത്ര താമസം? ഭരണത്തിലിരിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭൂമി തിരിച്ചുപിടിക്കാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍ എന്താണതിനര്‍ത്ഥം? ഭൂമി ഏറ്റെടുക്കാനും അത് ആദിവാസികള്‍ക്കു വിതരണം ചെയ്യാനുമുള്ള ആര്‍ജ്ജവം ഭരണത്തിലിരിക്കുമ്പോള്‍ സര്‍ക്കാര്‍ കാണിക്കേണ്ടതായിരുന്നു. ഭരണത്തില്‍ കൂടെനില്ക്കുമ്പോള്‍ ഭൂമി സംരക്ഷിക്കാനും വിട്ടുനില്ക്കുമ്പോള്‍ സമരംചെയ്ത് ഭൂമി പിടിച്ചെടുക്കാനും ശ്രമിക്കുന്നതാണ് രാഷ്ട്രീയമായ കള്ളത്തരം. ഞങ്ങളൊക്കെ അധികാരത്തിനു പുറത്തുള്ളവരാണ്. ഞങ്ങള്‍ ഭൂമി പിടിച്ചെടുക്കല്‍ സമരങ്ങളൊക്കെ ചെയ്യുന്നതു നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റും. കാരണം ഞങ്ങള്‍ക്ക് വേറേ വഴിയില്ല. ഭരണത്തിലിരിക്കുന്ന ആളുകള്‍ എന്തിനാണ് ഈ പാവപ്പെട്ടവരെവിട്ട് സമരംചെയ്യിപ്പിക്കുന്നത്? ശ്രേയാംസ്‌കുമാറിന്റെ ഭൂമിയിലും പോത്തന്‍ ജോര്‍ജിന്റെ ഭൂമിയിലുമൊക്കെ ആദിവാസികളെക്കൊണ്ടു കൈയേറ്റസമരങ്ങള്‍ നടത്തിക്കുന്ന അതേസമയത്താണ് ഒരു തുണ്ടു ഭൂമിപോലുമില്ലാത്തവര്‍ക്കു ഭൂമി കൊടുത്താല്‍ മതി എന്ന സര്‍ക്കാര്‍ ഉത്തരവ് ഇവര്‍ കൊണ്ടുവരുന്നത്.


? മുത്തങ്ങ സമരം കഴിഞ്ഞതോടെ സി.കെ. ജാനുവും ജാനുവിന്റെ പ്രസ്ഥാനവും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു എന്ന് ചില രാഷ്ട്രീയപാര്‍ട്ടികള്‍ അഭിപ്രായപ്പെടുന്നുണ്ട്. ജാനു എവിടെപോയി? ഇനി ജാനുവിന് എന്തു പ്രസക്തി എന്നാണ് അവര്‍ ചോദിക്കുന്നത്.

$ മരിച്ചിട്ടൊന്നുമില്ല ഞാന്‍. അത്രവേഗമൊന്നും മരിക്കുകയുമില്ല ഞങ്ങള്‍ . കേരളത്തിന്റെ സമരചരിത്രത്തില്‍ എക്കാലത്തും ഓര്‍മ്മിപ്പിക്കപ്പെടുന്ന ഒരു സമരമാണ് മുത്തങ്ങയിലേത്. കൊല്ലാന്‍ കഴിയുമായിരുന്നെങ്കില്‍ അന്നുതന്നെ ഞങ്ങള്‍ ചത്തൊടുങ്ങേണ്ടതായിരുന്നു. വെടിവയ്പുകള്‍ക്കോ പോലീസ് അതിക്രമങ്ങള്‍ക്കോ തകര്‍ക്കാന്‍ കഴിയാത്ത സമരവീര്യം ഇപ്പോഴുമുണ്ട്. ഞങ്ങള്‍ ഇപ്പോഴും സജീവമായി ഇവിടെത്തന്നെയുണ്ട്. എവിടേക്കും ഒളിച്ചോടിയിട്ടില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടി മരണംവരെയും ഞങ്ങള്‍ സമരംചെയ്യും. മുത്തങ്ങയില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കാനും അവരുടെ പേരിലുള്ള കേസ്സുകള്‍ പിന്‍വലിച്ച് വനാവകാശം നല്കാനുംവേണ്ടി ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു.

? എന്നാല്‍ അതിനിടയില്‍ മുത്തങ്ങയില്‍ ആദിവാസിവേട്ടയുണ്ടായി. അതിനുത്തരവാദികള്‍ പൂര്‍ണ്ണമായും യു.ഡി.എഫുകാരായിരുന്നു.

$ ശരിയാണ്, യു.ഡി.എഫ്. അധികാരത്തിലിരിക്കുമ്പോഴാണ് ‘മുത്തങ്ങ സംഭവം’ ഉണ്ടാവുന്നത്. എന്നാല്‍ അതേ യു.ഡി.എഫുകാര്‍ മുത്തങ്ങസമരത്തെ സമരമായി അംഗീകരിക്കുകയും ആദിവാസികളുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഭൂമി കൊടുക്കുകയും ചെയ്തു. ഇത് ഒരു ചെറിയ കാര്യമല്ല. കേരളത്തിന്റെ സമരചരിത്രത്തില്‍ ഇതാദ്യമായി നടക്കുന്ന കാര്യമാണ്. എന്നാല്‍ ആ സമയത്ത് ഒരു വെടിവയ്പുസംഭവം നടന്നു, അത് ഗവണ്‍മെന്റിന്റെ ഒത്താശയോടെയാണോ അല്ലാതെയാണോ എന്നൊന്നും തീരുമാനിക്കാനാവില്ല. അന്നത്തെ ആ വെടിവയ്പുസംഭവത്തില്‍ യു.ഡി.എഫിനുള്ളത്ര പങ്ക് എല്‍.ഡി.എഫിനുമുണ്ട്. ഇപ്പോള്‍ മുത്തങ്ങസംഭവത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ്സിന്റേതുമാത്രമാണെന്നു പറയുന്നുണ്ടെങ്കിലും സി.പി.എമ്മിനും അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനാകില്ല. മുത്തങ്ങയില്‍ വരാത്ത ആദിവാസികളെപ്പോലും ചൂണ്ടിക്കാട്ടി ഇവരൊക്കെ സമരത്തിനുണ്ടായിരുന്നു ഇവരെ പിടിച്ചോളൂ എന്നു പറഞ്ഞ് കേസ്സില്‍ കുടുക്കിയ സംഭവങ്ങള്‍ എത്രയോ ഉണ്ടായിട്ടുണ്ട്. ആദിവാസികളെ കേസ്സില്‍ കുടുക്കാന്‍ കഷ്ടപ്പെട്ട് പരിശ്രമിച്ച സി.പി.എം. നേതാക്കളെ എനിക്കറിയാം. അതുപോലെ മുത്തങ്ങസമരം നടക്കുമ്പോള്‍ സമരത്തിലുള്ള ആദിവാസികളെ കുടിയിറക്കണമെന്നാവശ്യപ്പെട്ട് മൈസൂര്‍ ഹൈവേ റോഡ് ഉപരോധിച്ച് സമരം നടത്തുന്നതില്‍ എല്‍.ഡി.എഫാണ് മുന്നിലുണ്ടായിരുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അതില്‍ തുല്യപങ്കാളിത്തമുണ്ട്. ആദിവാസികളെ പീഡിപ്പിക്കുന്നതില്‍ എല്ലാ രാഷ്ട്രീയക്കാരും ഒത്തൊരുമിക്കും—-അതാണല്ലോ എന്നെത്തെയും അവസ്ഥ.

? ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി ഒരു മന്ത്രിയുണ്ടായിരിക്കുന്നത് ഈ മന്ത്രിസഭയിലാണ്. പി.കെ. ജയലക്ഷ്മിയുടെ മന്ത്രിസ്ഥാനലബ്ധിയെക്കുറിച്ച് എന്തു തോന്നുന്നു?

$ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ആദിവാസി മന്ത്രി ഉണ്ടാകുന്നത്. അതിലും പ്രധാനപ്പെട്ട കാര്യം ഒരു വനിതതന്നെ പട്ടികവര്‍ഗ്ഗക്ഷേമമന്ത്രിയായി വരുന്നു എന്നതാണ്. വളരെയേറെ പ്രതീക്ഷയും ആഹ്ലാദവും അതുണ്ടാക്കുന്നുണ്ട്. പി.കെ. ജയലക്ഷ്മിക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും—-അവര്‍ക്കു കൊടുത്തിരിക്കുന്ന വകുപ്പുവച്ച്. അതു ചെയ്യാനുള്ള ആഗ്രഹവും അവര്‍ക്കുണ്ട്. ഞാന്‍ ഈ അടുത്തകാലത്ത് ജയലക്ഷ്മിയുമായി പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ആദിവാസിവികസനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അവരുടെ വാക്കുകളില്‍ വ്യക്തമാണ്. നിലവിലുള്ള രാഷ്ട്രീയ-ബ്യൂറോക്രാറ്റിക് സംവിധാനത്തിനകത്തുനിന്നുകൊണ്ടു മാത്രമേ അവര്‍ക്കു പ്രവര്‍ത്തിക്കാനാവുകയുള്ളൂ എന്നൊരു പരിമിതിയുണ്ട്. അവരുടെ ആശയാഭിലാഷങ്ങള്‍ ഈ സംവിധാനത്തിനകത്തു നിന്നുകൊണ്ട് എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയും എന്നതാണ് ഇവിടത്തെ വെല്ലുവിളി. തന്റെ സങ്കല്പങ്ങള്‍ നൂറു ശതമാനം പ്രായോഗികമാക്കി പ്രവൃത്തിപഥത്തിലെത്തിക്കാന്‍ കഴിയുമോ എന്നതൊക്കെ കണ്ടറിയേണ്ടതുണ്ട്. ഇപ്പോള്‍ അവരെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവര്‍ സത്യസന്ധയാണ്, കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാകുന്ന വ്യക്തിയാണ്. കഴിവിന്റെ പരമാവധി ഈ രംഗത്ത് അര്‍പ്പിക്കാനുള്ള മനസ്സ് ഇപ്പോഴേതായാലും ഉണ്ട്.

? കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയനേതൃത്വത്തിന്, പ്രത്യേകിച്ച് വി.എസ്., പിണറായി, ഏ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരുടെ സമീപനങ്ങള്‍ എപ്രകാരമായിരുന്നു.

$ വി.എസ്. അച്യുതാനന്ദനില്‍നിന്ന് ഞങ്ങള്‍ നീതി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ആദിവാസി പക്ഷത്തുനിന്നു നോക്കിയാല്‍ വി.എസ്. അച്യുതാനന്ദന്‍ ഒരു ജനകീയ മുഖ്യമന്ത്രിയായിരുന്നു എന്നു പറയാനാകില്ല. അധികാരത്തിലിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തിയ മുഖ്യമന്ത്രിയെന്നാവും നാളെ അദ്ദേഹം അറിയപ്പെടുക. ആദര്‍ശങ്ങള്‍ പ്രസംഗിച്ചു നടക്കുന്ന ഒരു മുഖ്യമന്ത്രിയെയല്ല നമുക്കാവശ്യം—-കാര്യങ്ങള്‍ ഉചിതമായി നടപ്പിലാക്കുന്ന മുഖ്യമന്ത്രിയെയാണ്. മുന്‍ സര്‍ക്കാരുകള്‍ കണ്ടെത്തിയ ഭൂമിക്കപ്പുറത്ത് ഒരു സെന്റു ഭൂമിപോലും ആദിവാസികള്‍ക്കു കൊടുക്കാന്‍ വി.എസ്. അച്യുതാനന്ദനു കഴിഞ്ഞിട്ടില്ല. വനാവകാശനിയമത്തെ അട്ടിമറിച്ച് ആദിവാസികള്‍ക്ക് അര്‍ഹമായതുകൂടി അദ്ദേഹം നഷ്ടപ്പെടുത്തി.

? മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചോ?

$ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ അധികാരത്തിലേക്കു വന്നതല്ലേയുള്ളൂ. മുമ്പത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ആറളം ഫാമില്‍ ആദിവാസികള്‍ക്കു ഭൂമിവിതരണം തുടങ്ങിവച്ചത്. 840 പേര്‍ക്ക് ആദ്യപടിയായി ഭൂമി കൊടുത്തു. ഭൂമി വിതരണത്തിനുവേണ്ടി ഒരു സര്‍വേ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു. അതുപോലെ ആ ഗവണ്‍മെന്റിന്റെ കാലത്താണ് ട്രൈബല്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നത്. ഈ അടുത്തകാലത്ത് ഞാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ ട്രൈബല്‍ മിഷന്‍ പുനരുജ്ജീവിപ്പിക്കുന്ന കാര്യം മുഖ്യപരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആറളം ഫാമില്‍ പുനരധിവസിക്കപ്പെട്ടവര്‍ക്ക് അവിടെത്തന്നെ ജീവിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കുന്നതിനു പാകത്തില്‍ പുനരധിവാസ പാക്കേജ് കൃത്യമായി നടപ്പിലാക്കുക എന്ന കാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

? പൊതുപ്രവര്‍ത്തനരംഗത്തുള്ള സ്ത്രീകള്‍ പലരും വിവാഹം, കുടുംബജീവിതംപോലെയുള്ള വിഷയങ്ങളോട് താല്‍പര്യം കാണിക്കാറില്ല അല്ലെങ്കില്‍, അവര്‍ അതില്‍ വിജയിക്കാറില്ല—ജയലളിതയെയും മമതാ ബാനര്‍ജിയെയും ഗൗരിയമ്മയെയുമൊക്കെപ്പോലെ. സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും തിരക്കുകളില്‍പ്പെട്ടു കിടക്കുന്ന സി.കെ. ജാനുവും ആ വഴി പിന്തുടരുകയാണോ.
$ ശരിക്കു പറഞ്ഞാല്‍ വിവാഹത്തെപ്പറ്റിയോ കുടുംബജീവിതത്തെപ്പറ്റിയോ ഒന്നും ചിന്തിക്കാന്‍ ഇതുവരെ സമയമുണ്ടായിട്ടില്ല. എന്നുവച്ച് ഒന്നും വേണ്ടെന്നു വച്ചിട്ടുമില്ല. എല്ലാ കാര്യങ്ങളും ഒത്തുവന്നാല്‍ അതിനെപ്പറ്റിയും ആലോചിക്കാവുന്നതേയുള്ളൂ.

No comments:

Post a Comment