Tuesday, October 18, 2011

കാക്കനാടന് ആദരാഞ്ജലികള്‍


മലയാള സാഹിത്യത്തിനു ആധുനികതയുടെയും, അസ്ഥിത്വവാദങ്ങളുടെയും തീക്ഷ്ണഭാവങ്ങള്‍ പകര്‍ന്നു നല്‍കിയ ശ്രീ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്‍ വിടപറഞ്ഞു. സ്വകീയമായ വീക്ഷണമണ്ഡപവും മൗലികമായ ആവിഷ്കരണ രീതിയുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഓരോ കൃതികളും ഓരോ അന്വേഷണങ്ങളാണ്. ഈ അന്വേഷണത്തിനിടയില്‍ പരോക്ഷമായി നടക്കുന്ന സാമൂഹിക വിമര്‍ശനം അതിനിശിതമായ ശരങ്ങള്‍പോലെ പിളര്‍ക്കേണ്ടവയെ പിളര്‍ക്കുകയും, തകര്‍ക്കേണ്ടവയെ തകര്‍ക്കുകയും ചെയ്യുന്നു.ഏറെക്കാലമായി സ്വപ്‌നം കണ്ടിരുന്ന ക്ഷത്രിയന്‍ എന്ന നോവല്‍ പൂര്‍ത്തിയാക്കാനാവതെയാണ് അദ്ദേഹം യാത്രയായത്.

ഉഷ്ണമേഖല, അജ്ഞതയുടെ താഴ്‌വര എന്നീ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകള്‍ . ഒറോത എന്ന കൃതി കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹനാക്കി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2005), ബാലാമണിയമ്മ പുരസ്‌കാരം (2008), പത്മപ്രഭ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

എഴുത്തുകാരന്റെ ദര്‍ശനങ്ങളില്‍ പലപ്പോഴും കാലം നദിയായി പിറവിയെടുക്കുന്നു. കാക്കനാടന്റെ മികച്ച കൃതിയായ ‘ഏഴാംമുദ്രയിലും’, കോഴി, സാക്ഷി, അജ്ഞതയുടെ താഴ്‌വര, ഇന്നലെയുടെ നിഴല്‍, ഈ നായ്ക്കളുടെ ലോകം എന്നീ നോവലുകളിലും ഈ നദിയുടെ ആരവും നമുക്ക കേള്‍ക്കാം. മരണം ആസന്നമാകുന്ന നിമിഷത്തില്‍ നിര്‍ത്തി മനുഷ്യനെ വ്യാഖ്യാനിക്കുമ്പോഴാണ് അവന്റെ തനിമ വെളിപ്പെടുക; അപ്പോഴാണ് ധര്‍മ്മലങ്കല്പം വ്യര്‍ഥമാണെന്നും മനുഷ്യന്‍ ശൂന്യതയാണെന്നും അറിയാന്‍ കഴിയുക എന്ന ദര്‍ശനം തന്റെ നോവലുകളിലൂടെ അദ്ദേഹം മുന്നോട്ടു വച്ചു. സത്യമായിട്ടുള്ളത് മൃത്യു എന്ന യാഥാര്‍ഥ്യം മാത്രം.

‘ മരണത്തിനു മുന്‍പില്‍ എല്ലാവരും കൊമ്പുകുത്തുന്നു. എന്നിട്ടും ജീവിക്കാന്‍ വേണ്ടി ഏതു കൂനാങ്കുരുക്കും ഒപ്പിക്കുന്നു. എന്തിനും തയ്യാറാവുന്നു. ബുദ്ധിമുട്ടി കെട്ടിഉയര്‍ത്തുന്ന ജീവിതമെന്ന സങ്കല്പസൗധം ഒരു ഞൊടിയിടയില്‍ തകര്‍ന്നുവീഴുന്നു. മരണം എന്ന യാതാര്‍ഥ്യത്തിന്റെ മുന്‍പില്‍ വെറും സ്വപ്‌നമായ ഈ ജീവിതം എത്ര നിരര്‍ഥകമാണ്.’( സാക്ഷി)

ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടാതെ, ആരോടും അസൂയയോ മത്സരമോ ഇല്ലാതെ, എല്ലാവരെയും സ്‌നേഹിച്ച് തന്റെ അലങ്കോലപ്പെട്ട ചെറിയ ലോകത്ത് ജീവിച്ച വലിയ എഴുത്തുകാരനാണ് കാക്കനാടന്‍ .ദൈവം സ്‌നേഹിക്കുന്ന ഈ എഴുത്തുകാരന് ആദരാഞ്ജലികള്‍

No comments:

Post a Comment